
ദോഹ:രോഗനിർണ്ണയവും ചികിത്സയും മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയ കണ്ടെത്തലുകളെ ക്ലിനിക്കൽ പ്രയോഗങ്ങളിലേക്ക് മാറ്റുന്നത് വേഗത്തിലാക്കണമെന്ന് സിത്റ മെഡിസിൻ (Sidra Medicine). മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മൈക്രോബയോം കോൺഫറൻസ് 2026-ന്റെ സമാപന ചടങ്ങിലാണ് ഗവേഷണ-ചികിത്സാ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടത്. സാമൂഹ്യമന്ത്രി ബെയ്ന ബിന്ത് അലി അൽ ജാബർ അൽ നുഐമി ചടങ്ങിന്റെ സമാപന ദിവസത്തിൽ സന്നിഹിതയായിരുന്നു.
കൃത്യമായ ചികിത്സ (Precision Medicine), ആന്റിമൈക്രോബയൽ പ്രതിരോധം, രക്തത്തിൽ വിഷബാധയേൽക്കുന്ന സെപ്സിസ് (Sepsis) മുൻകൂട്ടി കണ്ടെത്തൽ എന്നീ മേഖലകളിൽ ഊന്നിയായിരുന്നു ഇത്തവണത്തെ ചർച്ചകൾ.
ഗവേഷണങ്ങളെ രോഗികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്ന ചികിത്സകളാക്കി മാറ്റേണ്ടത് ആരോഗ്യമേഖലയുടെ ഭാവിയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് സിത്റ മെഡിസിൻ ആക്ടിങ് സി.ഇ.ഒ മുഹമ്മദ് ഖാലിദ് അൽ-മന വ്യക്തമാക്കി. ലബോറട്ടറികളെ ക്ലിനിക്കൽ പ്രാക്ടീസുമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് റിസർച്ച് ഹെഡ് പ്രൊഫസർ ഖാലിദ് ഫഖ്രോയും സംസാരിച്ചു.
ഹമദ് മെഡിക്കൽ കോർപ്പറേഷനും വീൽ കോർണൽ മെഡിസിൻ-ഖത്തറുമായി സഹകരിച്ച് സെപ്സിസ് രോഗം മുൻകൂട്ടി കണ്ടെത്താനുള്ള പദ്ധതിക്ക് സിത്റ മെഡിസിൻ നേതൃത്വം നൽകുന്നുണ്ട്. ഡിസംബർ 7 മുതൽ 9 വരെ പ്രിസിഷൻ മെഡിസിൻ ആൻഡ് ഫ്യൂച്ചർ ഓഫ് ജെന്നോമിക്സ് ഉച്ചകോടി സംഘടിപ്പിക്കാനും സിത്റ മെഡിസിൻ തയാറെടുക്കുന്നുണ്ട്.











